മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രം സിനിമയാകുന്നു

തിരുവിതാംകൂര്‍ രാജവംശത്തിലെ പോരാളിയായിരുന്ന മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ജീവിതകഥ അഭ്രപാളിയിലേക്ക്. അമൂല്യനിധിശേഖരം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രവും രാജകുടുംബങ്ങളെക്കുറിച്ചുള്ള ആരോപണപ്രത്യാരോപണ വിവാദങ്ങളും കേരളത്തില്‍ അരങ്ങുതകര്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ ഐതിഹാസിക ജീവിതം സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയെഴുതുന്നത് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ. ജയകുമാറും സംവിധാനം നിര്‍വഹിക്കുന്നത് ശ്രീക്കുട്ടനുമാണ്.

മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് എന്ന നിലയില്‍ നേരിട്ട വെല്ലുവിളികള്‍ക്കൊപ്പം അദ്ദേഹത്തിന്റെ വ്യക്തിജീവിത സംഘര്‍ഷങ്ങളും തനിമഒട്ടും ചോര്‍ന്നുപോകാതെയാണ് ജയകുമാര്‍ ഈ സിനിമയില്‍ പകര്‍ത്തുന്നുണ്ട്. 'ഗ്ലാഡിയേറ്റര്‍' , 'ട്രോയ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ സാങ്കേതിക നിലവാരത്തില്‍ മാര്‍ത്താണ്ഡവര്‍മ ചിത്രീകരിക്കാനാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത് . മാര്‍ത്താണ്ഡവര്‍മയുടെ ജീവിതകഥയെ ചരിത്രപരവും വൈകാരികവും ആത്മീയവുമായ ത്രിമാനതലത്തിലാണ് സിനിമ സമീപിക്കുന്നത്. രാജ്യത്തിനുവേണ്ടി നേട്ടങ്ങളേറെ ഉണ്ടാക്കിയെങ്കിലും വ്യക്തിജീവിതത്തില്‍ നഷ്ടങ്ങള്‍ കൊണ്ട് വേട്ടയാടപ്പെട്ട മാര്‍ത്താണ്ഡവര്‍മയുടെ ജീവിതത്തിന് സിനിമയില്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

തിരക്കഥയ്ക്ക് പുറമേ ചിത്രത്തിന്റെ ഗാനരചനയും ജയകുമാര്‍ നിര്‍വഹിക്കുന്നു. സംഗീതം വിദ്യാസാഗര്‍. ഇംഗ്ലീഷിനു പുറമേ, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മയുടെ നിര്‍മാതാക്കള്‍ ദുബായിലെ മീഡിയ മാപ്‌സ് സിനി വിഷന്‍ ആണ്. ചരിത്രഗവേഷണം ഡോ. എം. ജി ശശിഭൂഷണ്‍, ഡോ. എസ് വേണുഗോപാലന്‍.

വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണത്തിനെടുത്ത 'ഡാം 999' എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രോജക്ട് മാനേജറായിരുന്ന സുമേഷ് രാമന്‍കുട്ടിയാണ് ചിത്രത്തിന്റെ പ്രോജക്ട് കണ്‍സള്‍ട്ടന്റ്. ലൈന്‍ പ്രൊഡ്യൂസര്‍ ബി. രാകേഷ്. പ്രൊമോട്ടേഴ്‌സ് മനോജ് വി ബി, പ്രേംസായി ഹരിദാസ്, ഗ്രാഫിക്‌സ് ആന്റ് എഫക്ട്‌സ് ഡിക്കു വി. ആര്‍. അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത ഫിബ്രവരി ആദ്യവാരം ഷൂട്ടിങ് തുടങ്ങുന്ന മാര്‍ത്താണ്ഡവര്‍മയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
പഴശിരാജയ്ക്ക് ശേഷം ലോകസിനിമാ ചരിത്രത്തില്‍ എഴുതിചേര്‍ക്കപ്പെടാന്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മയിലെ കഥാപാത്രങ്ങളായി വേഷമിടാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുറമെ ഹോളിവുഡിലേതടക്കമുള്ള താരങ്ങളുമായി കരാറായി കഴിഞ്ഞു. പ്രധാന കഥാപാത്രമായ മാര്‍ത്താണ്ഡവര്‍മയ്ക്ക് ഉള്‍പ്പെടെ പ്രമുഖ കഥാപാത്രങ്ങള്‍ക്ക് ആരെല്ലാം ജീവന്‍ പകരുന്നമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 


mathrubhumi

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011