കോ ബ്രദേഴ്‌സ്‌


ചിന്തയിലും പ്രവൃത്തിയിലും സമാനസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വ സഹോദരങ്ങള്‍. ആരെയും പേടിക്കാതെ സ്വതന്ത്രമായി ജീവിതം നയിക്കുന്ന ആഘോഷമാക്കുന്ന ഈ ഇരട്ടസഹോദരങ്ങള്‍ അനാഥരാണ്. അവരുടെ ജീവിതയാത്രകള്‍ നര്‍മത്തിന്റെ നിറവില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ലാല്‍ 'കോബ്ര'യിലൂടെ. മമ്മൂട്ടിയും ലാലും കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ചിത്രം ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ്. പത്മപ്രിയയും കനിഹയും നായികമാരാകുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, മണിയന്‍പിള്ള രാജു, കുഞ്ചന്‍, സലിംകുമാര്‍, ബാബു ആന്റണി, റെജി (വിണ്ണൈ താണ്ടി വരുവായ ഫെയിം), മൈഥിലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയില്‍ പുരോഗമിക്കുന്നു.

ക്വാലാലംപൂരില്‍ ജനിച്ച് കോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന സഹോദരങ്ങള്‍ക്ക് സ്വന്തം പേര് എന്താണെന്നുപോലും നിശ്ചയമില്ല. പരസ്പരം ബ്രദേഴ്‌സ് എന്ന് വിളിക്കുന്ന ഇവര്‍ കോട്ടയത്ത് എത്തിയപ്പോള്‍ കോട്ടയം ബ്രദേഴ്‌സായി. ബോക്‌സിങ്ങും മറ്റു സ്‌പോര്‍ട്‌സ് കാര്യങ്ങളടക്കമുള്ളതിനാല്‍ കോബ്രയായി. കോ ബ്രദേഴ്‌സ് എന്നതിന്റെ ചുരുക്കരൂപമായ 'കോബ്ര' ബാനറിലാണ് അവര്‍ മത്സരത്തിനിറങ്ങുക. 'കോ' എന്ന് തുടങ്ങുന്ന ഏതു കാര്യത്തിനോടും മാനസികമായി ഒരു അടുപ്പം അവര്‍ക്കുണ്ട്. അങ്ങനെ കല്യാണം കഴിക്കുമ്പോള്‍പോലും സഹോദരികളെ ഇരുവര്‍ക്കും വധുവാക്കാമെന്ന് കരുതുന്നു. അങ്ങനെയാകുമ്പോള്‍ വിവാഹശേഷവും കോബ്രദേഴ്‌സ് എന്നാകും. പേരിലെ കോബ്രയും പോകില്ല. വിവാഹത്തിനൊരുങ്ങുമ്പോള്‍ രണ്ടു സഹോദരങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഫോക്കസ് നല്‍കിയാണ് ചിത്രം പൂര്‍ണമാകുന്നത്.

സഹോദരങ്ങളില്‍ ഒരാളെ മമ്മൂട്ടിയും മറ്റേയാളെ ലാലും അവതരിപ്പിക്കുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന സഹോദരന്റെ ജോടി ഷെര്‍ളിയായി പത്മപ്രിയ എത്തുമ്പോള്‍ ലാല്‍ വേഷമിടുന്ന സഹോദരന്റെ ജോടി ആനിയായി കനിഹയാണ് വരുന്നത്.


ത്രിബിള്‍ റോളിന്റെ ത്രില്ലില്‍ -ലാല്‍
സിനിമയില്‍ സംവിധായകന്‍, അഭിനേതാവ്, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നിങ്ങനെ ഒരിടം കണ്ടെത്തിയ കലാകാരനാണ് ലാല്‍. ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിച്ചിരുന്നില്ല. 'കോബ്ര'യില്‍ തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നീ മൂന്നു റോളുകളിലാണ് അദ്ദേഹം എത്തുന്നത്.

''മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകനായിരിക്കുമ്പോള്‍ അദ്ദേഹത്തെവെച്ച് ഒരു പടം സംവിധാനം ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ നഷ്ടമാണ്. മമ്മൂട്ടി എന്ന നടനിലൂടെ നമ്മള്‍ സൃഷ്ടിച്ച ഒരു കഥാപാത്രത്തിന് ജീവന്‍ വെക്കുന്നതു കാണുന്നതിന്റെ ത്രില്ലിലാണ് ഞാന്‍''.


മമ്മൂട്ടി-ലാല്‍ കോമ്പിനേഷനില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. താങ്കള്‍ എഴുതി സംവിധാനം ചെയ്യുന്ന 'കോബ്ര'യുടെ പ്രത്യേകതകള്‍?
ഹ്യൂമറായി കഥ പറയുന്ന, ഞങ്ങള്‍ (മമ്മൂട്ടി-ലാല്‍) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. അങ്ങനെ ശക്തമായ കഥ എന്നൊന്നും പറയാനില്ലാത്ത; എന്നാല്‍ ബലമുള്ള നല്ലൊരു ത്രെഡ് ഇതിലുണ്ട്. രസകരമായ ഒരു ഫെസ്റ്റിവല്‍ മൂഡുള്ള സിനിമ. പടം തുടങ്ങി അവസാനംവരെ എന്‍ജോയ് ചെയ്യാം എന്ന് പറയാവുന്ന രീതിയിലൊരു മിനിമം ഗ്യാരണ്ടിയുള്ള സിനിമ- അങ്ങനയേ ഈ സിനിമയെ കാണേണ്ടതുള്ളൂ.

മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകനൊപ്പം അഭിനേതാവു കൂടിയായപ്പോള്‍?

ആദ്യം പേടിയുണ്ടായിരുന്നു. സംവിധാനം മാത്രം ചെയ്യാമെന്ന് ഒരു ഘട്ടത്തില്‍ വിചാരിച്ചിരുന്നു. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന് പലരെയും ആലോചിച്ചു. പക്ഷേ; കറക്ട് കാസ്റ്റിങ്ങായി വന്നില്ല. കോബ്രയിലെ കേന്ദ്രകഥാപാത്രമാണിത്. ഇവര്‍ സമപ്രായക്കാരാണെന്ന് തോന്നണം, ശക്തരാണ്, ഹ്യൂമര്‍ അവതരിപ്പിക്കാന്‍ കഴിയണം. അങ്ങനെ ആലോചിച്ചപ്പോള്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ അഭിനയിക്കുന്നതിനാല്‍ മറ്റ് ഏതെങ്കിലും സംവിധായകരെക്കൊണ്ട് സംവിധാനം ചെയ്യിക്കാനും ശ്രമം നടത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ അതിനും
കഴിഞ്ഞില്ല. പിന്നെ എന്റെ മകന്‍ ജീന്‍പോള്‍ ലാലും നമ്മുടെ ടീമിലെ മറ്റുള്ള എല്ലാവരും, ഞങ്ങളൊക്കെയുണ്ടല്ലോ- ധൈര്യമായി മുന്നോട്ടു പോകാം എന്നു പറഞ്ഞപ്പോഴാണ് അഭിനയത്തിനും സംവിധാനത്തിനും ഇറങ്ങിയത്. എല്ലാം നന്നായി വരുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുള്ള പ്രയാണം.





മാതൃഭൂമി  
 

വിക്രമിന്റെ അഭിനയ മോഹം ഹോളിവുഡിലേക്കും

ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ വിക്രമിന് മോഹം. തനിക്ക് ഇതിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിക്രം പറഞ്ഞു. '' വിക്രം എന്ന നടന്‍ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും അറിയപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ചു കാലമായി എന്റെ ചിത്രങ്ങള്‍ വിദേശത്തും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ടെന്നാണ് എനിക്കു ലഭിച്ച വിവരം. അതുകൊണ്ടു തന്നെ ഹോളിവുഡ് സിനിമയില്‍ കയറിപ്പറ്റാന്‍ എനിക്കു സാധിക്കുമെന്നാണ് പ്രത്യാശ '' -ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായികമാരായ ദീപ മേത്തയും മീര നായരും അടുത്തിടെ തന്നെ ബന്ധപ്പെട്ടിരുന്നതായും വിക്രം വ്യക്തമാക്കി. സേതുവും കാശിയും അന്യനും ദൈവത്തിരുമകളും ഒരു നടന്‍ എന്ന നിലയില്‍ തന്റെ കഴിവു പ്രകടിപ്പിക്കാന്‍ സാധിച്ച ചിത്രങ്ങളായിരുന്നു എന്നും വിക്രം പറഞ്ഞു.

ക്രിസ്മസ്സിന് റിലീസായ ' രാജാപ്പാട്ടൈ ' എന്ന സിനിമയിലും താന്‍ വ്യത്യസ്തമായ അഭിനയരീതിയാണ് പിന്‍തുടര്‍ന്നതെന്ന് വിക്രം പറഞ്ഞു. '' നിരവധി കഷ്ടപ്പാട് സഹിച്ചു ചെയ്ത ചിത്രമാണ് രാജാപ്പാട്ടൈ. ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് എന്തു തോന്നിയാലും തന്നെ സംബന്ധിച്ചിടത്തോളം ഏറെ ഇഷ്ടപ്പെട്ട ചിത്രമാണിത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കാതലായ അംശമെങ്കിലും വിഷയത്തോടുള്ള സീരിയസ് അപ്രോച്ചില്‍ സംവിധായകന്‍ സുശീന്ദ്രന്‍ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, തീക്ഷ്ണമായ പ്രശ്‌നങ്ങളും സന്ദേശവും ഒരു സിനിമയ്ക്കകത്ത് ഒരു പരിധി വരെ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു വിക്രമിന്റെ മറുപടി.

'' ദൈവത്തിരുമകള്‍ അച്ഛനും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കിയ ചിത്രമായിരുന്നു. ശാരീരിക വൈകല്യമുള്ളവരെ സമൂഹം തിരസ്‌കരിക്കരുതെന്ന സന്ദേശം ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്''-വിക്രം ചൂണ്ടിക്കാട്ടി. ഓരോ ചിത്രവും നടന്‍ എന്ന നിലയില്‍ തന്നില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാക്കുന്നു. ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ, തത്കാലം തമിഴില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്-വിക്രം കൂട്ടിച്ചേര്‍ത്തു.


മാതൃഭൂമി  

ആദാമിന്റെ മകന്‍ അബു കൊഡാക് തിയേറ്ററില്‍ എത്തുമോ?


ആദാമിന്റെ മകന്‍ അബു' വിദേശ സിനിമാവിഭാഗത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ മലയാളികളുടെ ശ്രദ്ധ വീണ്ടും ഓസ്‌കറിലേക്ക്. റസൂല്‍ പൂക്കുട്ടിയെ പിന്തുടര്‍ന്ന് വീണ്ടും ഓസ്‌കര്‍ ശില്പത്തില്‍ മലയാളിയുടെ കരസ്പര്‍ശമുണ്ടാകുമോ? ഉത്തരം കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പുണ്ട്.

2012 ഫിബ്രവരി 26നാണ് 84-ാമത് ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങ്. ഹോളിവുഡ്ഡിലെ കൊഡാക് തിയേറ്ററാണ് വേദി. എ.ബി.സി. ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇരുന്നൂറോളം രാജ്യങ്ങളില്‍ സംപ്രേഷണമുണ്ടാകും.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസാണ് സംഘാടകര്‍. അക്കാദമിയിലെ ആറായിരത്തോളം അംഗങ്ങള്‍ രഹസ്യബാലറ്റിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. അക്കാദമി അംഗങ്ങളില്‍ അഭിനേതാക്കള്‍, സംവിധായകര്‍, തിരക്കഥാ കൃത്തുക്കള്‍, സാങ്കേതിക വിദഗ്ധര്‍, സംഗീതസംവിധായകര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. 25 ശതമാനത്തോളം പേര്‍ അഭിനേതാക്കളാണ്.25 വിഭാഗങ്ങളിലാണ് അവാര്‍ഡ്. മികച്ച ചിത്രം, മികച്ച നടന്‍, നടി, സംവിധായകന്‍, സംഗീതം, ഗായകന്‍ തുടങ്ങിയ വിഭാഗങ്ങളിലൊക്കെ അവാര്‍ഡുണ്ട്. ഓരോ വിഭാഗത്തിലും അഞ്ച് നോമിനേഷനുകളില്‍ നിന്നാണ് അംഗങ്ങള്‍ വിജയിയെ തിരഞ്ഞെടുക്കുന്നത്. ഈ അഞ്ചു നോമിനേഷനുകള്‍ അതത് രംഗത്തെ അക്കാദമി അംഗങ്ങളാണ് നിശ്ചയിക്കുക. ഉദാഹരണത്തിന് ഫിലിം എഡിറ്റര്‍മാര്‍ക്ക് മാത്രമാണ് ഫിലിം എഡിറ്റിങ്ങിനുള്ള നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കഴിയുക.

മികച്ച ചിത്രത്തിനു മാത്രമാണ് എല്ലാ അംഗങ്ങളും ചേര്‍ന്ന് നോമിനീസിനെ തിരഞ്ഞെടുക്കുന്നത്. മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷനുകളാവട്ടെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. രഹസ്യബാലറ്റുകള്‍ പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര ഓഡിറ്റിങ് ഫേമിലെത്തിച്ചാണ് വോട്ടുകള്‍ ടാബുലേറ്റ് ചെയ്യുന്നത്. അവാര്‍ഡ് ഷോയില്‍ കവറുകള്‍ തുറന്ന് അവതാരകര്‍ വിജയികളെ പ്രഖ്യാപിക്കുന്നതുവരെ ഇത് രഹസ്യമായിരിക്കും.

ഡിസംബര്‍ 27-നാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്കുള്ള നോമിനേഷന്‍ ബാലറ്റുകള്‍ അംഗങ്ങള്‍ക്ക് അയയ്ക്കുന്നത്. 2012 ജനവരി 13-ന് പോള്‍ അവസാനിക്കുകയും ബാലറ്റുകള്‍ ഓഡിറ്റിങ് ഫേമിലേക്ക് അയയ്ക്കുകയും ചെയ്യും. ജനവരി 24-ന് സാമുവല്‍ ഗോള്‍ഡ്‌വിന്‍ തിയേറ്ററില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ജനവരി 28-ന് നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും.

ഫിബ്രവരി ഒന്നിനാണ് ഫൈനല്‍ ബാലറ്റുകള്‍ അയച്ചുകൊടുക്കുന്നത്. 21-ന് പോള്‍ അവസാനിക്കും. എല്ലാ അംഗങ്ങള്‍ക്കും എല്ലാ വിഭാഗത്തിലും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍, വിദേശസിനിമ, ഡോക്യുമെന്ററി, ഫീച്ചര്‍ തുടങ്ങിയ അഞ്ചിനങ്ങളില്‍ തങ്ങള്‍ ചിത്രങ്ങള്‍ കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ വോട്ട് ചെയ്യാനാവൂ. ഫൈനല്‍ ബാലറ്റുകള്‍ ഓഡിറ്റിങ് ഫേമില്‍ ടാബുലേറ്റ് ചെയ്തുകഴിഞ്ഞാല്‍, പ്രഖ്യാപനം വരെ അന്തിമഫലം ഫേമിലെ രണ്ട് പാര്‍ട്ട്ണര്‍മാര്‍ക്കു മാത്രമേ അറിയാനാവൂ.

വാര്‍ഷിക അവാര്‍ഡുകള്‍ക്കു പുറമെ അക്കാദമിയുടെ ഗവര്‍ണര്‍മാരുടെ ബോര്‍ഡ് സയന്റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ അവാര്‍ഡ്, സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയവയും പ്രഖ്യാപിക്കാറുണ്ട്. അക്കാദമിയുടെ 15 ബ്രാഞ്ചുകളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണ് ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്. 43 പേരുണ്ടാവും. ടോം ഷെറാക്കാണ് അക്കാദമി പ്രസിഡന്റ്.

അക്കാദമി അംഗത്വം നല്‍കാനുള്ള അധികാരം ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിനാണ്. ചലച്ചിത്രരംഗത്ത് പ്രതിഭ തെളിയിച്ചവര്‍ക്കാണ് അംഗത്വം. ഒരുവിഭാഗത്തിലെ രണ്ടംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്താലേ ആ മേഖലയിലെ ഒരു വ്യക്തിയുടെ പേര് അംഗത്വത്തിനായി പരിഗണിക്കൂ.

പ്രമുഖ നടന്‍ എഡ്ഡി മര്‍ഫിയാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങിന്റെ അവതാരകന്‍. 2006-ല്‍ 'ഡ്രീം ഗേള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 1982-ല്‍ '48 അവേഴ്‌സ്' എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച എഡ്ഡി 'ബെവര്‍ലി ഹില്‍സ് കോപ്പ്', 'ദി നട്ടി പ്രൊഫസര്‍', 'ഷ്‌റേക്ക്' തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകരായ ബ്രെറ്റ് റാറ്റ്‌നര്‍, ഡോണ്‍ മിഷര്‍ എന്നിവരാണ് അവാര്‍ഡ് സംപ്രേഷണത്തിന്റെ പ്രൊഡ്യൂസര്‍മാര്‍ .


Written by: സജിത്ത്‌ മാതൃഭൂമി 

വിവാദങ്ങള്‍ റോമയ്ക്ക് പാരയാവുന്നു


തുടരെ തുടരെയുള്ള വിവാദങ്ങള്‍ നടി റോമയുടെ കരിയറിന് ദോഷം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ടോട്ടല്‍ ഫോര്‍ യു വില്ലന്‍ ശബരീനാഥിനൊപ്പം ആല്‍ബത്തില്‍ അഭിനയിക്കുകയും പിന്നീട് ശബരിയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തതു മുതല്‍ മുത്തൂറ്റ് കേസില്‍ നടിയുടെ പേര് പരാമര്‍ശിയ്ക്കപ്പെട്ടതും അടുത്തകാലത്ത് മറ്റൊരു നൈറ്റ് പാര്‍ട്ടിയിലെ റോമയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് കരിയറില്‍ കരിനിഴല്‍ പരത്തുന്നതത്രേ.

നൈറ്റ് പാര്‍ട്ടിയില്‍ വെള്ളമടിച്ച് പൂസായി ഒരു യുവാവിനെ റോമ പുണര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഈയടുത്താണ് പ്രചരിച്ചത്. സംഭവത്തിലെ നായിക ഒരു സുന്ദരിയായതു കൊണ്ടു തന്നെ ചിത്രങ്ങള്‍ക്ക് കാര്യമായ പ്രചാരവും കിട്ടി.

ഉയരക്കൂടുതലുള്ള യുവാവിനെ എത്തിവലിഞ്ഞ് റോമ ചുംബിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ചിത്രങ്ങളായിരുന്നു നെറ്റിസെന്‍മാര്‍ ആര്‍ത്തിപിടിച്ചത് കണ്ടത്. കണ്ണൂര്‍കാരനായ ഒരു വന്‍കിട യുവബിസിനസ്സുകാരനെയാണ് റോമ വലയിലാക്കിയതെന്നും ഇതിന് പിന്നാലെ ഗോസിപ്പുകള്‍ വന്നിരുന്നു.

എന്തായാലും ഈ വിവാദങ്ങള്‍ റോമയ്ക്ക് പാരയാവുകയാണെന്ന്‌റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. മലയാളത്തില്‍ ഒട്ടേറെ അവസരങ്ങളുണ്ടായിരുന്ന നടിയ്ക്ക് പെടുന്നനെ അത് നിലയ്ക്കാന്‍ കാരണമായത് വിവാദങ്ങളാണത്രേ. ഏറ്റവുമവസാനമായി തിരുവനന്തപുരത്തെ ഒരു നിര്‍മാതാവ് എടുക്കാനിരുന്ന ചിത്രത്തില്‍ നിന്നും റോമയെ ഒഴിവാക്കിയത് ഈ വിവാദങ്ങള്‍ കാരണമെന്നാണ് സൂചന

റോമയുടെ പുതിയ ഇമേജ് കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്ന് അകറ്റുമെന്ന് കണ്ടാണ് ഈ നീക്കം നടന്നതെന്ന് പറയപ്പെടുന്നു. ഫാമിലി പ്രേക്ഷകര്‍ അകന്നാല്‍ സിനിമ രക്ഷപ്പെടില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് റോമയെ വെട്ടിയത്.

എന്നാലി പ്രചരണങ്ങളെല്ലാം റോമയെ ഒറ്റപ്പെടുത്താനും അവരുടെ അവസരങ്ങള്‍ തട്ടിയെടുക്കാനും ശ്രമിയ്ക്കുന്നവരുടെ ചെയ്തികളാണെന്നും വാര്‍ത്തകളുണ്ട്. എന്തായാലും റോമ ജാഗ്രത പാലിച്ചാല്‍ നന്ന്...

Written by: Vijesh
 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011