സംസാരം പൃഥ്വിയുടെ വില്ലന്‍?

പഠിക്കാന്‍ പോയ പൃഥ്വിരാജിനെ അഭിനയിക്കാന്‍ കൊണ്ടുവന്നത് രഞ്ജിത്. രഞ്ജിത്തിന്റെ കരിയറിലെ മികച്ച മൂന്ന് ചിത്രങ്ങളില്‍ നായകനുമാക്കി. ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയനായി . തീരെ പ്രതീക്ഷിക്കാത്ത അവസരത്തില്‍ വിവാഹിതനായി. സ്വന്തം സിനിമപ്രൊഡക്ഷന്‍ തുടങ്ങി, ഇപ്പോള്‍ അഭിനയം
താല്ക്കാലികമായ് നിര്‍ത്തി പഠിക്കാന്‍ പുറപ്പെടുന്നു എന്ന് കേള്‍ക്കുന്നു.

മലയാളസിനിമയില്‍ ഇംഗ്‌ളീഷില്‍ സംസാരിക്കാന്‍ കഴിവുള്ള വരില്‍ പ്രമുഖനെന്ന് സ്വന്തം ഭാര്യ സര്‍ട്ടിഫിക്കറ്റ് നല്കിയ രാജു ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പഠിക്കാന്‍ പുറപ്പെടുന്നത് എന്നറിയുമ്പോള്‍ ഇതുവരെയുള്ള പഠിപ്പൊന്നും എങ്ങുമെത്തിയില്ല എന്ന് തെളിയുന്നു.

മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ള സുന്ദരനാണ് പൃഥ്വിരാജ് എന്ന താരം. തന്റേടമുള്ളവരേയും ,സ്വന്തമായ് അഭിപ്രായം പറയാന്‍ കഴിയുന്നവരേയും സിനിമയ്ക്കുള്ളില്‍ അത്രയ്ക്കങ്ങ് കൊണ്ടുനടക്കാന്‍ ആരും തയ്യാറല്ല. മുഖസ്തുതി ,അതിശയോക്തി, തുടങ്ങിയ ഫീല്‍ഡിലുള്ള എക്‌സ്പീരിയന്‍സ് ധാരാളമുണ്ടെങ്കില്‍ ആര്‍ക്കും ഇവിടെ പിടിച്ചുനില്‍ക്കാം. ഇതൊക്കെ ഇന്‍ഡസ്ട്രിയില്‍ ടെക്‌നീഷ്യന്‍മാര്‍ക്കിടയിലെ ബഹുസ്വരതയുടെ ഭാഗം മാത്രം.പക്ഷേ താരങ്ങളുടെ പ്രവൃത്തി പഥം ഒന്ന് വേറെയാണ്. ഇവിടെ പ്രേക്ഷകരെന്ന ആള്‍ക്കൂട്ടമാണ് വിധിയെഴുത്തുകാര്‍ .

ഏത് സൂപ്പര്‍താരമായാലും പൊതുഇടപെടലുകളില്‍ അനിതര സാധാരണമായ മെയ് വഴക്കം കാത്ത് സൂക്ഷിച്ചില്ലെങ്കില്‍ ജനം കേറി ഇടപെട്ടുകളയും.ഇന്നാണെങ്കില്‍ വഴിയെ പോകുന്നവനും വായ്‌നോക്കികള്‍ക്കും ഒക്കെ വിളിച്ചു പറയാനുള്ള തട്ടകങ്ങള്‍ നിരവധി. ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക്,ബ്‌ളോഗ്, ട്വിറ്റര്‍ ഇങ്ങനെ ഒരു നൂറുകൂട്ടം ലൈസന്‍സ് ആവശ്യമില്ലാത്ത വേദികള്‍ നിരനിരയായി കാത്തുകിടക്കുന്നു.

കടപ്പാട് : വണ്‍ഇന്ത്യ 

മുംബൈ പോലിസില്‍ നിന്ന് പൃഥിരാജ് ഔട്ട്?

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറായ 'മുംബൈ പോലിസി'ല്‍ നിന്ന് പൃഥിരാജ് പുറത്തായേക്കും. ഒരു വര്‍ഷം മുമ്പ് കരാര്‍ ചെയ്ത ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റാത്ത വിധം തിരക്കിലായതുകൊണ്ട് പിന്‍മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്-പൃഥിയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണില്‍ ആരംഭിക്കേണ്ട ചിത്രീകരണം വൈകിയതാണ് യുവനടന്റെ ഷെഡ്യൂള്‍ തെറ്റിച്ചത്. റോഷന്‍ ആന്‍ഡ്രുസാവട്ടെ സൂപ്പര്‍ താരം മോഹന്‍ലാലിനെ വച്ച് കാസനോവ പൂര്‍ത്തീകരിക്കുന്ന തിരക്കിലായിരുന്നു. ലാലിന്റെ തിരക്കാണ് കാസനോവയുടെ ചിത്രീകരണം വൈകിപ്പിച്ചത്. ഓണത്തിനിറങ്ങുമെന്ന് കരുതിയിരുന്ന ചിത്രം ക്രിസ്തുമസിനാണെത്തുക.

പൃഥി ഇപ്പോള്‍ ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയത്താണുള്ളത്.
പൃഥി പിന്‍മാറുകയാണെങ്കില്‍ തമിഴ്‌നടന്‍ ആര്യയെ വെച്ച് സിനിമ ചെയ്യാനാണ് റോഷന്‍ ആന്‍ഡ്രൂസ് പദ്ധതിയിടുന്നത്.

കടപ്പാട് : വണ്‍ഇന്ത്യ

മോഹന്‍ലാല്‍ നായകനാകുന്ന സമുദ്രക്കനി ചിത്രം ജനവരിയില്‍

തമിഴ് സിനിമയില്‍ മാറ്റത്തിന് വഴിയൊരുക്കിയ സംവിധായകരില്‍ പ്രധാനിയായ സമുദ്രക്കനി മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ സിനിമെടുക്കുന്നു. സുബ്രമണ്യം ശശികുമാറിനെ നായകനാക്കി 'പോരാളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സമുദ്രക്കനി. ഈ ചിത്രം പൂര്‍ത്തിയാക്കി ദേശീയ അവാര്‍ഡ് ജേതാവായ വെട്രിമാരന്റെ പുതിയ സിനിമയില്‍ വേഷമിടും. ഈ ചിത്രത്തിനും ശേഷം മിക്കവാറും അടുത്ത ജനവരിയോടെയായിരിക്കും ലാല്‍ ചിത്രം തുടങ്ങുക. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയായിരിക്കുമിത്.

സമുദ്രക്കനി തന്നെയാണ് രചനയും നിര്‍വഹിക്കുക. സംഭാഷണങ്ങള്‍ എഴുതുക മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തായിരിക്കും. പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന സിനിമയില്‍ ലാലിനൊപ്പം ഒരു നക്‌സലൈറ്റ് നേതാവിന്റെ റോളില്‍ സമുദ്രക്കനി വേഷമിട്ടിരുന്നു. 


കടപ്പാട് : മാതൃഭൂമി 

വ്യത്യസ്ത ട്രെയിലറുമായി 'ഈ അടുത്ത കാലത്ത്'


വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയ കോക്ക്‌ടെയില്‍ എന്ന ചിത്രത്തിന് ശേഷം എഡിറ്ററും സംവിധായകനുമായ അരുണ്‍കുമാറും അനൂപ് മേനോനും ഈ അടുത്ത കാലത്ത് എന്ന ചിത്രവുമായെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഭരത് ഗോപിയുടെ മകന്‍ മുരളീകൃഷ്ണ എന്ന മുരളി ഗോപിയുടെ കഥയാണ് അരുണ്‍കുമാര്‍ സിനിമയാക്കുന്നത്. ഇന്ദ്രജിത്ത്, നിഷാന്‍, അനൂപ് മേനോന്‍, മൈഥിലി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജു മല്യത്ത് ആണ്. വ്യത്യസ്ത ഗെറ്റപ്പിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ വേഷമിടുന്നത്.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാലും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് ഗാനങ്ങള്‍ രചിക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദര്‍ തന്നെയാണ്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും. 

 
കടപ്പാട് : മാതൃഭൂമി
 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011