പൃഥ്വി കൊച്ചി അധോലോകത്തിന്‍റെ പുതിയ രാജകുമാരന്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ആര്‍ക്കുള്ളതാണ്?. സംവിധായകന്‍ അമല്‍ നീരദിനെങ്കിലും അക്കാര്യത്തില്‍ സംശയമില്ല. അടുത്ത താരം പൃഥ്വിരാജ് തന്നെ. അതുകൊണ്ടു തന്നെയാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കിയെടുത്ത സിനിമകള്‍ക്ക് ശേഷം അമല്‍ ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെ നായകനാക്കിയത്. അമല്‍ നീരദ് - പൃഥ്വിരാജ് ചിത്രത്തിന്‍റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. സിനിമയുടെ പേര് ‘അന്‍‌വര്‍’!

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ മെഗാ ചിത്രങ്ങളൊരുക്കുകയും അവ വലിയ വിജയങ്ങള്‍ ആകാതെ പോകുകയും ചെയ്ത സാഹചര്യത്തിലാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒഴിവാക്കി പൃഥ്വിരാജിനെ പരീക്ഷിക്കാന്‍ അമല്‍ നീരദ് ശ്രമിക്കുന്നത്. ഈ ആക്ഷന്‍ ത്രില്ലറില്‍ മമ്തയാണ് നായിക.

ദേശീയ അവാര്‍ഡ് ജേതാവും തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള വില്ലനുമായ പ്രകാശ്‌രാജാണ് അന്‍‌വറിലെ വില്ലന്‍. പാണ്ടിപ്പടയ്ക്ക് ശേഷം പ്രകാശ്‌രാജ് അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ലാല്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അമല്‍ നീരദ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ ആര്‍ ഉണ്ണി, ശ്രീജിത്ത് ഡി പിള്ള എന്നിവര്‍ ചേര്‍ന്ന് രചിക്കും. പൃഥ്വിരാജിനെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ആയി പ്രതിഷ്ഠിക്കാനുള്ള ചിത്രമെന്ന രീതിയിലാണ് സിനിമാലോകം ഈ സിനിമയെ ഉറ്റുനോക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര നൃത്തരംഗങ്ങളുമുള്ള, യുവതലമുറയെ ആവേശഭരിതരാക്കുന്ന എന്‍റര്‍ടെയ്‌നറാണ് അന്‍‌വറിലൂടെ അമല്‍ നീരദ് സമ്മാനിക്കാനൊരുങ്ങുന്നത്.

റെഡ് കാര്‍പ്പറ്റ് ഫിലിംസിന്‍റെ ബാനറില്‍ രാജേഷ് സക്കറിയ നിര്‍മ്മിക്കുന്ന ‘അന്‍‌വര്‍’ കൊച്ചിയില്‍ ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഒരു അധോലോക കഥയാണ് ഈ ചിത്രത്തിലൂടെയും അമല്‍ നീരദ് പറയാന്‍ ശ്രമിക്കുന്നത്. പൃഥ്വി കൊച്ചി അധോലോകത്തിന്‍റെ പുതിയ രാജകുമാരനാകും.

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011