ദാദമാരുടെ പോക്കിരിരാജ


ആക്ഷന്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍താരനിരയിലേക്ക്‌ ഉയരാനുള്ള ശ്രമത്തിലാണ്‌ പൃഥ്വിരാജ്‌. അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വി ചിത്രങ്ങളെല്ലാം ആക്ഷന്‌ വലിയ പ്രധാന്യം നല്‍കിയാണ്‌ ഒരുക്കുന്നത്‌. ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ഹുഡ്‌, ഷാജി കൈലാസിന്റെ രഘുപതിരാഘവരാജാറാം, പുതിയമുഖം ഫെയിം ദീപന്റെ ശിങ്കാരവേലന്‍, അമല്‍നീരദ്‌ ചിത്രം അന്‍വര്‍ എന്നിവയെല്ലാം പൃഥ്വിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ സമ്പന്നമായിരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നവാഗതനായ വൈശാഖ്‌ എബ്രഹാം ഒരുക്കുന്ന പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജനായാണ്‌ അഭിനയിക്കുന്നതെങ്കിലും അതിലും ഒരു ദാദയുടെ വേഷമാണ്‌ പൃഥ്വിയെ കാത്തരിയ്‌ക്കുന്നത്‌. ഒരു മാതൃകാധ്യപകനായി ജീവിച്ച ഒരു മാഷിന്റെ ചട്ടമ്പികളായ രണ്ട്‌ മക്കളുടെ കഥയാണ്‌ പോക്കിരരാജയിലൂടെ വൈശാഖ്‌ പറയുന്നത്‌.

ചെറുപ്പത്തില്‍ തന്നെ വീടു വിട്ട്‌ പോകുന്ന മൂത്ത മകന്‍ ഇന്ന്‌ ദൂരെയൊരു നാട്ടിലെ വലിയൊരു ദാദയാണ്‌. വീട്ടില്‍ തന്നെ കഴിയുന്ന ഇളയമകനാണെങ്കില്‍ സ്ഥലത്തെ പ്രധാന ചട്ടമ്പിയായാണ്‌ വളരുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇരുവരും മറ്റൊരു നഗരത്തില്‍ വെച്ച്‌ കണ്ടുമുട്ടുകയും സഹോദരന്‍മാരാണെന്നറിയാതെ പോരടിയ്‌ക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു രസകരമായ കഥയിലൂടെയാണ്‌്‌ പോക്കിരാജ മുന്നോട്ട്‌ നീങ്ങുന്നത്‌.

സംവിധായകനായ വൈശാഖന്‍ തന്നെ തിരക്കഥയൊരുക്കുന്ന പോക്കിരിരാജയില്‍ നെടുമുടി വേണു, സായ്‌കുമാര്‍, തിലകന്‍, സിദ്ദിഖ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌ സലീം കുമാര്‍, ഇന്നസെന്റ്‌ എന്നിങ്ങനെ വമ്പന്‍താരനിര തന്നെ അഭിനയിക്കുന്നുണ്ട്‌. ചിത്രത്തില്‍ രണ്ട്‌ നായികമാരുണ്ടാവും.
ജോഷി, ജോണി ആന്റണി എന്നീ മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസവുമായാണ്‌ വൈശാഖ്‌ പോക്കിരിരാജയുടെ ജോലികളിലേക്ക്‌ കടക്കുന്നത്‌. ജനുവരിയില്‍ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന ചിത്രം വിഷുവിന്‌ മുളകുപാടം ഫിലിംസ്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കും.

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011