ലാലുമായി വരുമ്പോള്‍ ടെന്‍ഷനുണ്ട്: പ്രിയന്‍


ഏറെനാളുകള്‍കഴിഞ്ഞ് മലയാളത്തിലേയ്ക്ക് പുതിയൊരു ചിത്രവുമായി വരുമ്പോള്‍ താന്‍ അല്‍പം ടെന്‍ഷനിലാണെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍.ഞാനും മോഹന്‍ലാലും ചേരുന്നുവെന്ന് പറയുമ്പോള്‍ത്തന്നെ പഴയചരിത്രം വച്ച് പ്രേക്ഷകര്‍ ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ടാകും. അതുതന്നെയാണ് എന്റെ പേടി. അവരെ തൃപ്തരാക്കാന്‍ കഴിയുമോയെന്നതാണ് പ്രശ്‌നം- പ്രിയന്‍ പറയുന്നു.

അറബിയും ഒട്ടകവും ഒരു പരിപൂര്‍ണ കോമഡി ചിത്രമാണ്. ആദ്യം മുതല്‍ അവസാനം വരെ ചിരിക്കാമെന്നും പ്രിയന്‍ ഉറപ്പ് നല്‍കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ പുതിയ പദ്ധതികളെക്കുറിച്ചും പുതിയ ലാല്‍ച്ചിത്രത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.

മലയാളത്തില്‍ പുതിയ തരംഗമായിരിക്കുന്ന റീമേക്ക് ചിത്രങ്ങളെക്കുറിച്ചും പ്രിയന്‍ പറയുന്നുണ്ട്. പഴയചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിലും മറ്റുഭാഷകളിലേയ്ക്ക് ചിത്രങ്ങള്‍ റീമേക് ചെയ്യുന്നതിലും എന്താണ് തെറ്റ്. എന്റെ പുതിയ ചിത്രം അറബിയും ഒട്ടകവും ഹിന്ദിയിലും ചെയ്യുന്നുണ്ട്. അജയ് ദേവ്ഗണ്‍ അതിനായി താല്‍പര്യപ്പെട്ടുകഴിഞ്ഞു- പ്രിയന്‍ പറയുന്നു.

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രത്തിന് പിന്നാലെ പ്രിയദര്‍ശന്‍ മൂന്നു പ്രൊജക്ടുകള്‍ തയ്യാറാക്കുന്നു. നേരത്തേ ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇതിലൊന്ന്. മറ്റൊരു ചിത്രം എച്ച്‌ഐവി വിഷയമാക്കിയുള്ളതും മറ്റൊന്ന് ഒരു പെണ്‍കുഞ്ഞിന്റെ കഥ പറയുന്നതുമാണ്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
എയ്ഡ്‌സ് വിഷയമായുള്ള ചിത്രം 2012ല്‍ റീലീസ് ചെയ്യത്തക്ക വിധമാണ് പ്ലാന്‍ ചെയ്യുന്നത്. എയ്ഡ്‌സിന്റെ കര്യത്തില്‍ അധികാരികളുടെയും ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഒരു വിഷയമാണ് ഇതിവൃത്തം. തമിഴിലും, മലയാളത്തിലും ഹിന്ദിയിലുമായി 85ഓളം ചിത്രങ്ങള്‍ ചെയ്തു. ഇനി സാമൂഹികപ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നു- പ്രിയന്‍ പറഞ്ഞു.


No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011