'അമ്മ'യുടെ വിളികാത്ത്‌ ശരത്‌കുമാര്‍‍


മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശരത്‌കുമാറും ഭാര്യയും നടിയുമായ രാധയും ശ്രമം ആരംഭിച്ചു. പഴശ്ശിരാജ എന്ന ചിത്രത്തില്‍ ഇടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കി മലയാളത്തില്‍ ശ്രദ്ധേയനായ ശരത്‌കുമാര്‍ തമിഴ്‌ താരസംഘടനയുടെ പ്രസിഡന്റ്‌ കൂടിയാണ്‌.

മൂന്നു മലയാളസിനിമകളിലെങ്കിലും അഭിനയിച്ചാലേ അമ്മയിലെ അംഗത്വത്തിന്‌ അപേക്ഷിക്കാനാവൂ എന്നാണ്‌ അമ്മയുടെ ബൈലോയില്‍ പറയുന്നു. എന്നാല്‍ സവിശേഷസാഹചര്യങ്ങളില്‍ അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്ക്‌ മാനദണ്ഡങ്ങളില്‍ ഇളവുനല്‍കി അംഗത്വം നല്‍കാനാവും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉറച്ച പിന്തുണ ശരത്‌കുമാറിനുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ അംഗത്വം നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

എന്നാല്‍ മൂന്നു സിനിമയെന്ന മാനദണ്ഡം ശരത്‌കുമാറിന്‌ പാലിക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. പഴശ്ശിരാജയ്‌ക്കു ശേഷം മോഹന്‍ലാല്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌ ശരത്‌കുമാര്‍. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് സിനിമ പൂര്‍ത്തിയായാലുടന്‍ കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ശരത്‌ അഭിനയിക്കാനൊരുങ്ങുകയാണ്‌. ഇത്‌ പ്രാവര്‍ത്തികമായാല്‍ മൂന്നു സിനിമയെന്ന മാനദണ്ഡം പാലിക്കാന്‍ ശരത്‌കുമാറിനു കഴിയും. കലവൂര്‍ രവികുമാറുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി.

ഇതിനുപുറമേ നല്ല നിരവധി ഓഫറുകള്‍ മലയാളത്തില്‍ നിന്നു വരുന്നുണ്ടെന്നും പ്രതിഫലം നോക്കാതെ അഭിനയിക്കാന്‍ തയാറാകുമെന്നും ശരത്‌കുമാര്‍ വ്യക്‌തമാക്കുന്നു. ശരത്‌കുമാറിന്റെ ഭാര്യ രാധികയ്‌ക്ക് അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കൂടെവിടെ, മകന്‍ എന്റെ മകന്‍, കൂടുംതേടി തുടങ്ങിയ പഴയകാല പ്രമുഖ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാധിക അപേക്ഷ നല്‍കിയാല്‍ അംഗമാകാം.

എന്തായാലും ശരത്‌ കുമാറും രാധികയും കൂടി അമ്മയില്‍ വരുന്നതു കൗതുകത്തോടെയായിരിക്കും സിനിമാലോകം വീക്ഷിക്കുക. ശരത്‌ കുമാറിന്റെ പാത പിന്തുടര്‍ന്ന്‌ മറ്റു ചില പ്രമുഖ തമിഴ്‌ നടന്മാരും അമ്മ അംഗത്വത്തിന്റെ സാധ്യതകള്‍ ആരായുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയത്തില്‍ തന്റേതായ മാര്‍ഗം വെട്ടിത്തുറക്കാന്‍ ശ്രമിക്കുന്ന ശരത്‌കുമാര്‍ അമ്മയുടെ ഭാരവാഹിത്വവും ലക്ഷ്യം വയ്‌ക്കുന്നുണ്ടെന്നും ഒരു വിഭാഗം കരുതുന്നു.

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011