കാവല്‍ക്കാരന്‍ നിയമക്കുരുക്കില്‍

ഇളയദളപത് വിജയ്--അസിന്‍ ടീമിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പ്രതിസന്ധിയില്‍. മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്‍ക്കാരനാണ് നിയമക്കുരുക്കില്‍ അകപ്പെട്ടിരിയ്ക്കുന്നത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ടോളിവുഡിലെ പ്രമുഖ നിര്‍മാതാവായ വെങ്കിട്ടരാജുവാണ്.


ബോഡിഗാര്‍ഡിന്റെ നിര്‍മാതാക്കളായ ജോണി സാഗരികയാണ് കാവല്‍ക്കാരന്റെ വഴിമുടക്കി രംഗത്തുവന്നിരിയ്ക്കുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ് അവകാശത്തെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തിരിയ്ക്കുന്നത്. നേരത്തെ പണവായ്പ ലഭിയ്ക്കുന്നതിനായി ബോഡിഗാര്‍ഡിന്റെ റീമേക്ക് അവകാശം ജോണി സാഗരിക ഗോകുലം ഫിനാന്‍സിന് ഗ്യാരണ്ടിയായി നല്‍കിയിരുന്നു.

തങ്ങളുടെ അനുമതിയില്ലാതെയാണ് സിദ്ദിഖ് തമിഴില്‍ ചിത്രം ഒരുക്കുന്നതെന്ന് ജോണി സാഗരിക ആരോപിയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ബോഡിഗാര്‍ഡിന്റെ കഥ റൊമ്പ പുടിച്ച വിജയ് തന്നെയാണ് കാവല്‍ക്കാരന്റെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിച്ചത്. തന്റെ ഭാഗ്യനായികയായ അസിനെ ബോളിവുഡില്‍ നിന്നും തിരികെയെത്തിച്ച വിജയ് കാവല്‍ക്കാരനിലൂടെ ഒരു വമ്പന്‍ വിജയമാണ് സ്വപ്‌നം കാണുന്നത്.

oneindia.in

വിഷു സ്‌പെഷല്‍ നീലത്താമര; ചാനലിനെതിരെ കേസ്


വിഷുദിന സ്‌പെഷലായി നീലത്താമര പ്രദര്‍ശിപ്പിച്ച പ്രാദേശിക ചാനലിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കിയിലെ മീഡിയ നെറ്റ് എന്ന പ്രാദേശിക ചാനല്‍ ഉടമകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

കഴിഞ്ഞ നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ വീഡിയോ സിഡി-ഡിവിഡികള്‍ പുറത്തിറങ്ങിയിട്ട് അധികം ദിവസങ്ങളായിട്ടില്ല. അതിനിടെയാണ് ചാനലുകാര്‍ സിനിമ സംപ്രേക്ഷണം ചെയ്തത്. ചാനല്‍ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്ത് നീലത്താമരയടക്കം മൂന്ന് സിനിമകളുടെ ഡിവിഡികള്‍ പിടിച്ചെടുത്തു.

വീഡിയോ പൈറസി കോപി ആക്ട് പ്രകാരം ഇടുക്കി എസ്പിയാണ് കേസെടുത്തിരിയ്ക്കുന്നത്.

സിനിമ ഷൂട്ടിങിനും റിലീസിനും വിലക്ക്

പുതിയ സിനിമകളുടെ ഷൂട്ടിങും റിലീസും നിര്‍ത്തിവെയ്ക്കാന്‍ വിതരണക്കാരും നിര്‍മാതാക്കളും സംയുക്തമായി തീരുമാനിച്ചു. മലയാള ചലച്ചിത്രരംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് പുതിയ നീക്കം.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലാണ് മലയാള സിനിമകളുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചത്.

താരങ്ങളുടെ പ്രതിഫലം, ചിത്രങ്ങളുടെ നിര്‍മാണച്ചെലവ്, തിയറ്ററുകളിലെ ചിത്രങ്ങളുടെ ഹോള്‍ഡ് ഓവര്‍, പരസ്യങ്ങളുടെ കമ്മീഷന്‍ ഈ വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുമാനം. അതേ സമയം ഷൂട്ടിങ് തുടരുന്ന സിനിമകളെയും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്ന സിനിമയേയും തീരുമാനം ബാധിയ്ക്കില്ലെന്ന് സംഘടനാ വക്താക്കള്‍ പറഞ്ഞു.

അതേസമയം, ഇപ്പോള്‍ ചിത്രീകരണം നടന്നുക്കുന്ന സിനിമകളെയും റിലീസ് ചെയ്തിരിക്കുന്ന ചിത്രങ്ങളെയും തീരുമാനം ബാധിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഓഷോയാവാന്‍ കമല്‍ഹാസന്‍

ഗഹനമായ ചിന്തകളിലൂടെ ആഴമേറിയ പ്രഭാഷണങ്ങളിലൂടെ ലോകമൊട്ടുക്കും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഓഷോ എന്നറിയപ്പെടുന്ന ഭഗവാന്‍ രജനീഷിന്റെ ജീവിതം അഭ്രപാളികളിലേക്ക്. മരണത്തിന് ശേഷം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രശസ്തിയ്‌ക്കൊപ്പം വിവാദങ്ങളിലും നിറയുന്ന രജനീഷിനെ അവതരിപ്പിയ്ക്കാന്‍ കമല്‍ഹാസനോ സഞ്ജയ്ദത്തിനോ അവസരം കൈവന്നേക്കുമെന്നാണ് സൂചന.

പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ആന്റോണിയോ ലക്ഷന്‍ സുകാമെലിയാണ് ഓഷോയ്ക്ക് വെള്ളിത്തിരയില്‍ പുനര്‍ജന്മം നല്‍കാന്‍ ഒരുങ്ങുന്നത്.

ഓഷോയുടെ അനുയായി കൂടിയായ സുകാമെലി ഇത് സംബന്ധിച്ച് വന്‍കിട നിര്‍മാണകമ്പനികളുമായും താരങ്ങളുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഓഷോ: ദ ഫിലിം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ആശയം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പെ സുകാമെലി രൂപപ്പെടുത്തിയിരുന്നു.

ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഓഷോയെ അവതരിപ്പിയ്ക്കാന്‍ കമല്‍ഹാസനും സഞ്ജയ്ദത്തിനെയുമാണ് സംവിധായകന്‍ പരിഗണിയ്ക്കുന്നത്.

ബ്ലൂലൈന്‍, സോര്‍ബ സെക്കന്റ് ബുദ്ധ എന്നീ മിസ്റ്റിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുകാമെലി, സിനിമയിലെ പ്രധാനകഥാപാത്രമായ ക്ലാര എന്ന വനിതാ പത്രപ്രവര്‍ത്തകയുടെ റോളിലേക്ക് അനുയോജ്യയായ ഒരു ഹോളിവുഡ് നടിയെ തിരയുകയാണ്. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്യുന്നത് ഇന്ത്യയിലായിരിക്കും.

2006ല്‍ മീഡിയെ വണ്‍ വെഞ്ച്വര്‍ എന്ന കമ്പനി ഓഷോയുടെ ജീവിതം ആസ്പദമാക്കി സെക്‌സ് ഓഫ് ഗുരു എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. ബെന്‍ കിങ്‌സിലി ചിത്രത്തിലെ നായകനാവുമെന്നും അന്ന് വാര്‍ത്തകളുണ്ടായിരുന്നു.
 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011