ചിന്തയിലും പ്രവൃത്തിയിലും സമാനസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന അപൂര്‍വ സഹോദരങ്ങള്‍. ആരെയും പേടിക്കാതെ സ്വതന്ത്രമായി ജീവിതം നയിക്കുന്ന ആഘോഷമാക്കുന്ന ഈ ഇരട്ടസഹോദരങ്ങള്‍ അനാഥരാണ്. അവരുടെ ജീവിതയാത്രകള്‍ നര്‍മത്തിന്റെ നിറവില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ലാല്‍ 'കോബ്ര'യിലൂടെ. മമ്മൂട്ടിയും ലാലും കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ചിത്രം ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ്. പത്മപ്രിയയും കനിഹയും നായികമാരാകുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, മണിയന്‍പിള്ള രാജു, കുഞ്ചന്‍, സലിംകുമാര്‍, ബാബു ആന്റണി, റെജി (വിണ്ണൈ താണ്ടി വരുവായ ഫെയിം), മൈഥിലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയില്‍ പുരോഗമിക്കുന്നു.
ക്വാലാലംപൂരില്‍ ജനിച്ച് കോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന സഹോദരങ്ങള്‍ക്ക് സ്വന്തം പേര് എന്താണെന്നുപോലും നിശ്ചയമില്ല. പരസ്പരം ബ്രദേഴ്‌സ് എന്ന് വിളിക്കുന്ന ഇവര്‍ കോട്ടയത്ത് എത്തിയപ്പോള്‍ കോട്ടയം ബ്രദേഴ്‌സായി. ബോക്‌സിങ്ങും മറ്റു സ്‌പോര്‍ട്‌സ് കാര്യങ്ങളടക്കമുള്ളതിനാല്‍ കോബ്രയായി. കോ ബ്രദേഴ്‌സ് എന്നതിന്റെ ചുരുക്കരൂപമായ 'കോബ്ര' ബാനറിലാണ് അവര്‍ മത്സരത്തിനിറങ്ങുക. 'കോ' എന്ന് തുടങ്ങുന്ന ഏതു കാര്യത്തിനോടും മാനസികമായി ഒരു അടുപ്പം അവര്‍ക്കുണ്ട്. അങ്ങനെ കല്യാണം കഴിക്കുമ്പോള്‍പോലും സഹോദരികളെ ഇരുവര്‍ക്കും വധുവാക്കാമെന്ന് കരുതുന്നു. അങ്ങനെയാകുമ്പോള്‍ വിവാഹശേഷവും കോബ്രദേഴ്‌സ് എന്നാകും. പേരിലെ കോബ്രയും പോകില്ല. വിവാഹത്തിനൊരുങ്ങുമ്പോള്‍ രണ്ടു സഹോദരങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഫോക്കസ് നല്‍കിയാണ് ചിത്രം പൂര്‍ണമാകുന്നത്.
സഹോദരങ്ങളില്‍ ഒരാളെ മമ്മൂട്ടിയും മറ്റേയാളെ ലാലും അവതരിപ്പിക്കുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന സഹോദരന്റെ ജോടി ഷെര്‍ളിയായി പത്മപ്രിയ എത്തുമ്പോള്‍ ലാല്‍ വേഷമിടുന്ന സഹോദരന്റെ ജോടി ആനിയായി കനിഹയാണ് വരുന്നത്.
ത്രിബിള്‍ റോളിന്റെ ത്രില്ലില്‍ -ലാല്‍
സിനിമയില്‍ സംവിധായകന്‍, അഭിനേതാവ്, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നിങ്ങനെ ഒരിടം കണ്ടെത്തിയ കലാകാരനാണ് ലാല്‍. ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിച്ചിരുന്നില്ല. 'കോബ്ര'യില്‍ തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നീ മൂന്നു റോളുകളിലാണ് അദ്ദേഹം എത്തുന്നത്.
''മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകനായിരിക്കുമ്പോള്‍ അദ്ദേഹത്തെവെച്ച് ഒരു പടം സംവിധാനം ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ നഷ്ടമാണ്. മമ്മൂട്ടി എന്ന നടനിലൂടെ നമ്മള്‍ സൃഷ്ടിച്ച ഒരു കഥാപാത്രത്തിന് ജീവന്‍ വെക്കുന്നതു കാണുന്നതിന്റെ ത്രില്ലിലാണ് ഞാന്‍''.
മമ്മൂട്ടി-ലാല്‍ കോമ്പിനേഷനില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. താങ്കള്‍ എഴുതി സംവിധാനം ചെയ്യുന്ന 'കോബ്ര'യുടെ പ്രത്യേകതകള്‍?
ഹ്യൂമറായി കഥ പറയുന്ന, ഞങ്ങള്‍ (മമ്മൂട്ടി-ലാല്‍) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. അങ്ങനെ ശക്തമായ കഥ എന്നൊന്നും പറയാനില്ലാത്ത; എന്നാല്‍ ബലമുള്ള നല്ലൊരു ത്രെഡ് ഇതിലുണ്ട്. രസകരമായ ഒരു ഫെസ്റ്റിവല്‍ മൂഡുള്ള സിനിമ. പടം തുടങ്ങി അവസാനംവരെ എന്‍ജോയ് ചെയ്യാം എന്ന് പറയാവുന്ന രീതിയിലൊരു മിനിമം ഗ്യാരണ്ടിയുള്ള സിനിമ- അങ്ങനയേ ഈ സിനിമയെ കാണേണ്ടതുള്ളൂ.
മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകനൊപ്പം അഭിനേതാവു കൂടിയായപ്പോള്‍?
ആദ്യം പേടിയുണ്ടായിരുന്നു. സംവിധാനം മാത്രം ചെയ്യാമെന്ന് ഒരു ഘട്ടത്തില്‍ വിചാരിച്ചിരുന്നു. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന് പലരെയും ആലോചിച്ചു. പക്ഷേ; കറക്ട് കാസ്റ്റിങ്ങായി വന്നില്ല. കോബ്രയിലെ കേന്ദ്രകഥാപാത്രമാണിത്. ഇവര്‍ സമപ്രായക്കാരാണെന്ന് തോന്നണം, ശക്തരാണ്, ഹ്യൂമര്‍ അവതരിപ്പിക്കാന്‍ കഴിയണം. അങ്ങനെ ആലോചിച്ചപ്പോള്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ അഭിനയിക്കുന്നതിനാല്‍ മറ്റ് ഏതെങ്കിലും സംവിധായകരെക്കൊണ്ട് സംവിധാനം ചെയ്യിക്കാനും ശ്രമം നടത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ അതിനും കഴിഞ്ഞില്ല. പിന്നെ എന്റെ മകന്‍ ജീന്‍പോള്‍ ലാലും നമ്മുടെ ടീമിലെ മറ്റുള്ള എല്ലാവരും, ഞങ്ങളൊക്കെയുണ്ടല്ലോ- ധൈര്യമായി മുന്നോട്ടു പോകാം എന്നു പറഞ്ഞപ്പോഴാണ് അഭിനയത്തിനും സംവിധാനത്തിനും ഇറങ്ങിയത്. എല്ലാം നന്നായി വരുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുള്ള പ്രയാണം.
മാതൃഭൂമി
No comments:
Post a Comment