വിക്രമിന്റെ അഭിനയ മോഹം ഹോളിവുഡിലേക്കും

ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ വിക്രമിന് മോഹം. തനിക്ക് ഇതിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിക്രം പറഞ്ഞു. '' വിക്രം എന്ന നടന്‍ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും അറിയപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ചു കാലമായി എന്റെ ചിത്രങ്ങള്‍ വിദേശത്തും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ടെന്നാണ് എനിക്കു ലഭിച്ച വിവരം. അതുകൊണ്ടു തന്നെ ഹോളിവുഡ് സിനിമയില്‍ കയറിപ്പറ്റാന്‍ എനിക്കു സാധിക്കുമെന്നാണ് പ്രത്യാശ '' -ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായികമാരായ ദീപ മേത്തയും മീര നായരും അടുത്തിടെ തന്നെ ബന്ധപ്പെട്ടിരുന്നതായും വിക്രം വ്യക്തമാക്കി. സേതുവും കാശിയും അന്യനും ദൈവത്തിരുമകളും ഒരു നടന്‍ എന്ന നിലയില്‍ തന്റെ കഴിവു പ്രകടിപ്പിക്കാന്‍ സാധിച്ച ചിത്രങ്ങളായിരുന്നു എന്നും വിക്രം പറഞ്ഞു.

ക്രിസ്മസ്സിന് റിലീസായ ' രാജാപ്പാട്ടൈ ' എന്ന സിനിമയിലും താന്‍ വ്യത്യസ്തമായ അഭിനയരീതിയാണ് പിന്‍തുടര്‍ന്നതെന്ന് വിക്രം പറഞ്ഞു. '' നിരവധി കഷ്ടപ്പാട് സഹിച്ചു ചെയ്ത ചിത്രമാണ് രാജാപ്പാട്ടൈ. ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് എന്തു തോന്നിയാലും തന്നെ സംബന്ധിച്ചിടത്തോളം ഏറെ ഇഷ്ടപ്പെട്ട ചിത്രമാണിത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കാതലായ അംശമെങ്കിലും വിഷയത്തോടുള്ള സീരിയസ് അപ്രോച്ചില്‍ സംവിധായകന്‍ സുശീന്ദ്രന്‍ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, തീക്ഷ്ണമായ പ്രശ്‌നങ്ങളും സന്ദേശവും ഒരു സിനിമയ്ക്കകത്ത് ഒരു പരിധി വരെ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു വിക്രമിന്റെ മറുപടി.

'' ദൈവത്തിരുമകള്‍ അച്ഛനും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കിയ ചിത്രമായിരുന്നു. ശാരീരിക വൈകല്യമുള്ളവരെ സമൂഹം തിരസ്‌കരിക്കരുതെന്ന സന്ദേശം ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്''-വിക്രം ചൂണ്ടിക്കാട്ടി. ഓരോ ചിത്രവും നടന്‍ എന്ന നിലയില്‍ തന്നില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാക്കുന്നു. ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ, തത്കാലം തമിഴില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്-വിക്രം കൂട്ടിച്ചേര്‍ത്തു.


മാതൃഭൂമി  

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011