ഗഹനമായ ചിന്തകളിലൂടെ ആഴമേറിയ പ്രഭാഷണങ്ങളിലൂടെ ലോകമൊട്ടുക്കും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഓഷോ എന്നറിയപ്പെടുന്ന ഭഗവാന്‍ രജനീഷിന്റെ ജീവിതം അഭ്രപാളികളിലേക്ക്. മരണത്തിന് ശേഷം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രശസ്തിയ്‌ക്കൊപ്പം വിവാദങ്ങളിലും നിറയുന്ന രജനീഷിനെ അവതരിപ്പിയ്ക്കാന്‍ കമല്‍ഹാസനോ സഞ്ജയ്ദത്തിനോ അവസരം കൈവന്നേക്കുമെന്നാണ് സൂചന.
പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ആന്റോണിയോ ലക്ഷന്‍ സുകാമെലിയാണ് ഓഷോയ്ക്ക് വെള്ളിത്തിരയില്‍ പുനര്‍ജന്മം നല്‍കാന്‍ ഒരുങ്ങുന്നത്.
ഓഷോയുടെ അനുയായി കൂടിയായ സുകാമെലി ഇത് സംബന്ധിച്ച് വന്‍കിട നിര്‍മാണകമ്പനികളുമായും താരങ്ങളുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഓഷോ: ദ ഫിലിം എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ആശയം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പെ സുകാമെലി രൂപപ്പെടുത്തിയിരുന്നു.
ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഓഷോയെ അവതരിപ്പിയ്ക്കാന്‍ കമല്‍ഹാസനും സഞ്ജയ്ദത്തിനെയുമാണ് സംവിധായകന്‍ പരിഗണിയ്ക്കുന്നത്.
ബ്ലൂലൈന്‍, സോര്‍ബ സെക്കന്റ് ബുദ്ധ എന്നീ മിസ്റ്റിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുകാമെലി, സിനിമയിലെ പ്രധാനകഥാപാത്രമായ ക്ലാര എന്ന വനിതാ പത്രപ്രവര്‍ത്തകയുടെ റോളിലേക്ക് അനുയോജ്യയായ ഒരു ഹോളിവുഡ് നടിയെ തിരയുകയാണ്. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്യുന്നത് ഇന്ത്യയിലായിരിക്കും.
2006ല്‍ മീഡിയെ വണ്‍ വെഞ്ച്വര്‍ എന്ന കമ്പനി ഓഷോയുടെ ജീവിതം ആസ്പദമാക്കി സെക്‌സ് ഓഫ് ഗുരു എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. ബെന്‍ കിങ്‌സിലി ചിത്രത്തിലെ നായകനാവുമെന്നും അന്ന് വാര്‍ത്തകളുണ്ടായിരുന്നു.