ആദാമിന്റെ മകന്‍ അബു' വിദേശ സിനിമാവിഭാഗത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ മലയാളികളുടെ ശ്രദ്ധ വീണ്ടും ഓസ്‌കറിലേക്ക്. റസൂല്‍ പൂക്കുട്ടിയെ പിന്തുടര്‍ന്ന് വീണ്ടും ഓസ്‌കര്‍ ശില്പത്തില്‍ മലയാളിയുടെ കരസ്പര്‍ശമുണ്ടാകുമോ? ഉത്തരം കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പുണ്ട്.
2012 ഫിബ്രവരി 26നാണ് 84-ാമത് ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങ്. ഹോളിവുഡ്ഡിലെ കൊഡാക് തിയേറ്ററാണ് വേദി. എ.ബി.സി. ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇരുന്നൂറോളം രാജ്യങ്ങളില്‍ സംപ്രേഷണമുണ്ടാകും.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസാണ് സംഘാടകര്‍. അക്കാദമിയിലെ ആറായിരത്തോളം അംഗങ്ങള്‍ രഹസ്യബാലറ്റിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. അക്കാദമി അംഗങ്ങളില്‍ അഭിനേതാക്കള്‍, സംവിധായകര്‍, തിരക്കഥാ കൃത്തുക്കള്‍, സാങ്കേതിക വിദഗ്ധര്‍, സംഗീതസംവിധായകര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. 25 ശതമാനത്തോളം പേര്‍ അഭിനേതാക്കളാണ്.25 വിഭാഗങ്ങളിലാണ് അവാര്‍ഡ്. മികച്ച ചിത്രം, മികച്ച നടന്‍, നടി, സംവിധായകന്‍, സംഗീതം, ഗായകന്‍ തുടങ്ങിയ വിഭാഗങ്ങളിലൊക്കെ അവാര്‍ഡുണ്ട്. ഓരോ വിഭാഗത്തിലും അഞ്ച് നോമിനേഷനുകളില്‍ നിന്നാണ് അംഗങ്ങള്‍ വിജയിയെ തിരഞ്ഞെടുക്കുന്നത്. ഈ അഞ്ചു നോമിനേഷനുകള്‍ അതത് രംഗത്തെ അക്കാദമി അംഗങ്ങളാണ് നിശ്ചയിക്കുക. ഉദാഹരണത്തിന് ഫിലിം എഡിറ്റര്‍മാര്‍ക്ക് മാത്രമാണ് ഫിലിം എഡിറ്റിങ്ങിനുള്ള നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കഴിയുക.
മികച്ച ചിത്രത്തിനു മാത്രമാണ് എല്ലാ അംഗങ്ങളും ചേര്‍ന്ന് നോമിനീസിനെ തിരഞ്ഞെടുക്കുന്നത്. മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷനുകളാവട്ടെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. രഹസ്യബാലറ്റുകള്‍ പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന അന്താരാഷ്ട്ര ഓഡിറ്റിങ് ഫേമിലെത്തിച്ചാണ് വോട്ടുകള്‍ ടാബുലേറ്റ് ചെയ്യുന്നത്. അവാര്‍ഡ് ഷോയില്‍ കവറുകള്‍ തുറന്ന് അവതാരകര്‍ വിജയികളെ പ്രഖ്യാപിക്കുന്നതുവരെ ഇത് രഹസ്യമായിരിക്കും.
ഡിസംബര്‍ 27-നാണ് ഇത്തവണത്തെ അവാര്‍ഡുകള്‍ക്കുള്ള നോമിനേഷന്‍ ബാലറ്റുകള്‍ അംഗങ്ങള്‍ക്ക് അയയ്ക്കുന്നത്. 2012 ജനവരി 13-ന് പോള്‍ അവസാനിക്കുകയും ബാലറ്റുകള്‍ ഓഡിറ്റിങ് ഫേമിലേക്ക് അയയ്ക്കുകയും ചെയ്യും. ജനവരി 24-ന് സാമുവല്‍ ഗോള്‍ഡ്‌വിന്‍ തിയേറ്ററില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ജനവരി 28-ന് നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും.
ഫിബ്രവരി ഒന്നിനാണ് ഫൈനല്‍ ബാലറ്റുകള്‍ അയച്ചുകൊടുക്കുന്നത്. 21-ന് പോള്‍ അവസാനിക്കും. എല്ലാ അംഗങ്ങള്‍ക്കും എല്ലാ വിഭാഗത്തിലും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍, വിദേശസിനിമ, ഡോക്യുമെന്ററി, ഫീച്ചര്‍ തുടങ്ങിയ അഞ്ചിനങ്ങളില്‍ തങ്ങള്‍ ചിത്രങ്ങള്‍ കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ വോട്ട് ചെയ്യാനാവൂ. ഫൈനല്‍ ബാലറ്റുകള്‍ ഓഡിറ്റിങ് ഫേമില്‍ ടാബുലേറ്റ് ചെയ്തുകഴിഞ്ഞാല്‍, പ്രഖ്യാപനം വരെ അന്തിമഫലം ഫേമിലെ രണ്ട് പാര്‍ട്ട്ണര്‍മാര്‍ക്കു മാത്രമേ അറിയാനാവൂ.
വാര്‍ഷിക അവാര്‍ഡുകള്‍ക്കു പുറമെ അക്കാദമിയുടെ ഗവര്‍ണര്‍മാരുടെ ബോര്‍ഡ് സയന്റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ അവാര്‍ഡ്, സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയവയും പ്രഖ്യാപിക്കാറുണ്ട്. അക്കാദമിയുടെ 15 ബ്രാഞ്ചുകളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണ് ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്. 43 പേരുണ്ടാവും. ടോം ഷെറാക്കാണ് അക്കാദമി പ്രസിഡന്റ്.
അക്കാദമി അംഗത്വം നല്‍കാനുള്ള അധികാരം ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിനാണ്. ചലച്ചിത്രരംഗത്ത് പ്രതിഭ തെളിയിച്ചവര്‍ക്കാണ് അംഗത്വം. ഒരുവിഭാഗത്തിലെ രണ്ടംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്താലേ ആ മേഖലയിലെ ഒരു വ്യക്തിയുടെ പേര് അംഗത്വത്തിനായി പരിഗണിക്കൂ.
പ്രമുഖ നടന്‍ എഡ്ഡി മര്‍ഫിയാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ്ദാനച്ചടങ്ങിന്റെ അവതാരകന്‍. 2006-ല്‍ 'ഡ്രീം ഗേള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 1982-ല്‍ '48 അവേഴ്‌സ്' എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച എഡ്ഡി 'ബെവര്‍ലി ഹില്‍സ് കോപ്പ്', 'ദി നട്ടി പ്രൊഫസര്‍', 'ഷ്‌റേക്ക്' തുടങ്ങിയ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകരായ ബ്രെറ്റ് റാറ്റ്‌നര്‍, ഡോണ്‍ മിഷര്‍ എന്നിവരാണ് അവാര്‍ഡ് സംപ്രേഷണത്തിന്റെ പ്രൊഡ്യൂസര്‍മാര്‍ .
Written by: സജിത്ത് മാതൃഭൂമി